Slokam_left Logo Slokam_right
ആനിക്കാട്ടിലമ്മശിവപാർവ്വതിക്ഷേത്രത്തിലേക്ക് സ്വാഗതം   :               ||               :               ||               :               ||               :               ||            
ശ്രീ നടരാജസ്വാമിക്ഷേത്രം


ശ്രീ നടരാജസ്വാമി ക്ഷേത്രം അതിപുരാതനമായ ക്ഷേത്രനിര്‍മിതികളിലൊന്നാണ്.. മല്ലപ്പള്ളി ടൌണില്‍ നിന്നും 5 കിലോമീറ്റര്‍ മാറി പൗവ്വത്തിപ്പടി കവലയ്ക് സമീപം സ്ഥിതിചെയ്യുന്നു. പുരാതനമായ ക്ഷേത്രത്തിന്റെ ആദ്യകാലത്തെ ശ്രീകോവില്‍ കാലപ്പഴക്കത്തില്‍ നഷ്ടപ്പെട്ടു. ഈ ക്ഷേത്രത്തിന്റെ ചരിത്രം 1000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങുന്നു, ആദിമകാലത്ത് പത്തില്ലത്തില്‍ പോറ്റിമാര്‍ പരിപാലിച്ചു വന്നിരുന്ന ഈ ക്ഷേത്രം പില്‍ക്കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ ദൈവികചൈതന്യം നഷ്ടപെട്ടു കിടന്നിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 1952-ല്‍ ഈ ക്ഷേത്രം നല്ലവരായ ഭക്തജനങ്ങളുടെ സഹായ-സഹകരണങ്ങളാല്‍ പുനരുദ്ധാരണം നടത്തുകയുണ്ടായി. ഇപ്പോള്‍ ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം ശ്രീ മഹാദേവവിലാസം ഹൈന്ദവ സമാജത്തിന്റെ കീഴില്‍ വളരെ ഭംഗിയായി നടത്തിവരുന്നു.പുരാതനകാലത്ത്‌ മണ്‍ വിഗ്രഹമായിരുന്നു ക്ഷേത്രത്തിലെ പ്രതിഷ്ഠ, കാലപ്പഴക്കത്തില്‍ വിഗ്രഹത്തിനു കേടുപാടുകള്‍ സംഭവിക്കുകയും പില്‍ക്കാലത്ത് പുനരുദ്ധാരണത്തിന് പഞ്ചലോഹ വിഗ്രഹം പറമ്പൂരില്ലത്ത് വല്യതിരുമേനിയുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠ നടത്തി. 1986-87 കാലഘട്ടത്തില്‍ബ്രഹ്മശ്രീ: കണ്ഠര് നീലകണ്ഠരുടെ കാര്‍മികത്വത്തില്‍ പുനപ്രതിഷ്ഠ നടത്തുകയുണ്ടായി. ക്ഷേത്രത്തിന്‍റെ കരിങ്കല്‍ കൊണ്ടുള്ള ശ്രീകോവില്‍ ശാസ്താവ് ആചാരിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. ആദിമകാലത്ത് ക്ഷേത്രം വക കുളവും ശ്രീകോവിലിനു വടക്ക്-കിഴക്ക് ഭാഗത്തായി ഒരു മണിക്കിണറും ഉണ്ടായിരുന്നു. അന്ന് മണിക്കിണര്‍ നിന്നിരുന്ന സ്ഥലത്താണ് ഇന്നത്തെ ബ്രഹ്മരക്ഷസിന്‍റെ ശ്രീകോവില്‍ നിലകൊള്ളുന്നത്. ഇവിടെ മുഖ്യ പ്രതിഷ്ഠയായ ഉമാ-മഹേശ്വരന്മാര്‍(നടരാജസ്വാമിയും പാര്‍വതിദേവിയും) കിഴക്കോട്ടു ദര്‍ശനമായി കുടികൊള്ളുന്നു. ഭാരതത്തില്‍ തന്നെ കിഴക്കോട്ടു ദര്‍ശനമായിരിക്കുന്ന അപൂര്‍വ്വം ശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. ഇവിടെ ഭഗവാന്‍ ശിവന്‍ "നടരാജനൃത്തം" ചെയ്യുന്ന അന്തിമഹകാളന്‍ ഭാവത്തിലും ആയല യക്ഷി ഭാവത്തില്‍ പാര്‍വതിദേവിയും ഒരേ പീഠത്തില്‍ ആണ് പ്രതിഷ്ഠ ചെയ്തിട്ടുള്ളത്. ദേവനും ദേവിയും ഒരേ പീഠത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അത്യഅപൂര്‍വമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. ക്ഷിപ്രപ്രസാദിയായ നടരാജസ്വാമിയേയും പാര്‍വതി ദേവിയേയും അകമഴിഞ്ഞു പ്രാര്‍ത്ഥിക്കുന്ന ഭക്തജനങ്ങള്‍ക്ക് രോഗശാന്തി,വിദ്യാലബ്ദി,മംഗല്യഭാഗ്യം,സല്‍സന്താനലബ്ധി,ഉദ്യോഗലബ്ധി മുതലായ സര്‍വൈശ്വര്യങ്ങളും ക്ഷിപ്രസാദ്ധ്യമാകുന്നതാണ്. നാഗരാജാവ്, രക്ഷസ്, മഹായക്ഷി, ബ്രഹ്മരക്ഷസ് എന്നീ നാലു ഉപദേവതകള്‍ ആണ് ക്ഷേത്രത്തില്‍ ഉള്ളത്. സുപ്രസിദ്ധമായ സര്‍പ്പക്കാവില്‍ നഗരാജവും നാഗയക്ഷിയും നാഗത്താന്മാരും ഭക്തര്‍ക്ക്‌ അനുഗ്രഹം നല്‍കിവരുന്നു. എല്ലാ ആയില്യം പൂജകളും, മകര മാസത്തിലെ തിരുവുത്സവത്തിന്‍റെ രണ്ടാം ദിവസം നൂറും-പാലും നടത്തപ്പെടുന്നു. ഈ നാല് ഉപദേവതകള്‍ക്ക് പുറമേ പരയ്ക്കത്താനം മലമുകളില്‍, മലമൂര്‍ത്തികള്‍ സ്ഥിതി ചെയ്യുന്നു. ശാസ്താവ്, ദുര്‍ഗ്ഗാദേവി എന്നീ മലമൂര്‍ത്തികള്‍ ആണ് ഇവിടെ സ്ഥിതിചെയ്യുന്നത്. എല്ലാ വര്‍ഷവും മകരമാസത്തിലെ തിരുവുത്സവത്തിന്‍റെ രണ്ടാം ദിവസം ഊരാളി പൂജകള്‍ നടത്തുന്നു. ശബരിമലയില്‍വെളിച്ചപ്പാടായി സേവനം അനുഷ്ഠിച്ച വേലന്‍ കിട്ടപ്പണിക്കര്‍ ആയിരുന്നു ആദ്യകാലത്തെ ഊരാളി പൂജകള്‍ നടത്തിയിരുന്നത്. അനേകം ഭക്തജങ്ങള്‍ ഈ പൂജകളില്‍ പങ്കെടുക്കുന്നു. 6 വര്‍ഷങ്ങള്‍ക്കു മുന്‍പ് രക്ഷസിന്‍റെ ശ്രീകോവില്‍ പുനരുദ്ധാരണം ചെയ്യുകയും, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ താഴികക്കുടം പ്രതിഷ്ഠ നടത്തുകയും ചെയ്തു. കാലപ്പഴക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്ന പ്രധാന ശ്രീകോവില്‍ 2014-ല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ശ്രീകോവിലിന്‍റെ മേല്‍ക്കൂര ചെമ്പ് പാളികളാല്‍ പൊതിഞ്ഞു മനോഹരമാക്കുകയും തുടര്‍ന്ന്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ താഴികക്കുടം പ്രതിഷ്ഠ നടത്തുകയും ചെയ്തു