Slokam_left Logo Slokam_right
ആനിക്കാട്ടിലമ്മശിവപാർവ്വതിക്ഷേത്രത്തിലേക്ക് സ്വാഗതം   :   നെടുംകുന്നം ഭഗവതിക്ഷേത്രത്തിലെ ധ്വജഘോഷയാത്ര സെപ്റ്റെംബേ 10 ന്             ||               :               ||               :               ||               :               ||            
നെടുംകുന്നം ശ്രീ ഭഗവതി ക്ഷേത്രം


ഏതാണ്ട് അറുന്നൂറു വർഷങ്ങളുടെ പഴക്കം അവകാശപ്പെടാനാകുന്ന ക്ഷേത്രമാണ് നെടുംകുന്നം ശ്രീഭദ്രകാളിക്ഷേത്രം. ഭദ്രകാളിയായ അമ്മയെ പതിറ്റാണ്ടുകൾക്ക് മുൻപ് തൊട്ടേ ദുർഗ്ഗയായി പൂജിച്ചിരുന്നതിനാലാണ് ഈ ക്ഷേത്രം ശ്രീ ഭഗവതി ക്ഷേത്രമെന്ന് ഇതുവരെ അറിയപ്പെട്ടിരുന്നത്. ഈ ക്ഷേത്രത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്.ടിപ്പുവിന്റെ ആക്രമണം ഭയന്ന് ദക്ഷിണകേരളത്തിലേക്ക് പലായനം ചെയ്ത പടപ്പമനയിലെ ബ്രഹ്മണാനൊപ്പം ഭഗവതിയും ഇവിടെ എത്തിചേരുകയായിരുന്നത്രേ. ഒപ്പം അമ്പലവാസികളായ ചില കുടുംബങ്ങളും ഉണ്ടായിരുന്നുവെന്നും,അവർ ആദ്യം അരീപറമ്പിലും പിന്നീട് ക്ഷേത്രസമീപമുള്ള സ്ഥലങ്ങളിലും പാർത്തുവെന്ന് പറയപ്പെടുന്നുണ്ട്. ആദ്യകാലത്ത് ഈ ക്ഷേത്രമൊരു കാവായിരുന്നു.കാവിന്റെ നടയാണ് പിന്നീട് 'കാവുന്നട'(കാവിൻ നട) ആയതെന്ന അഭിപ്രായം ശരിയാകാനിടയുണ്ട്. ക്ഷേത്രമുറ്റത്ത്,ഇപ്പോഴത്തെ ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്ന ഭാഗത്ത് വലിയൊരു കാഞ്ഞിരമരവും കൂവളവും ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. കാഞ്ഞിരമരച്ചുവട്ടിലാണ് മേടപ്പൂരസമയത്ത് ഗരുഡന് ചൂണ്ടകുത്തിയിരുന്നത്. ഇപ്പോഴുള്ള ക്ഷേത്രക്കുളം നായ്ക്കൻമാരാൽ നിർമ്മിക്കപ്പെട്ടതാണ്.അതിന് മുൻപ് ഇന്നുള്ള അലങ്കാരഗോപുരത്തോട് ചേർന്ന ഭാഗത്താരുന്നു അമ്പലക്കുളം. നെടുംകുന്നത്തമ്മ ആറാാടിയിരുന്നത് മാന്തുരുതി റോഡിനോട് ചേർന്നുള്ള ആറാട്ടുചിറയിൽ ആണ്. ദേവിക്ക് ആറാടാൻ വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടതാണ് ഈ ചിറ. നാട്ടുപ്രമാണിയായിരുന്ന ചാത്തനാട്ട് പണിക്കർ പണികഴിപ്പിച്ചതാണെന്ന് പറയപ്പെടുന്നു.ഇപ്പോൾ ശാസ്താംകാവിന് സമീപമുള്ള പുതിയ ആറാട്ടുകുളത്തിലാണ് ദേവി നീരാടുന്നത്.കാലങ്ങൾക്കുമുമ്പ് ക്ഷേത്രത്തിന്റെ മേൽക്കൂരയും മറ്റും ഓലമേഞ്ഞതായിരുന്നു. പിന്നീടാണ് നാം ഇന്ന് കാണുന്ന പരിഷ്‌ക്കാരങ്ങൾ ഉണ്ടായത്.കൊടിമരവും ഉണ്ടായിരുന്നില്ല.ദശാബ്ദങ്ങൾക്ക് മുമ്പ് മാത്രമാണ് ധ്വജപ്രതിഷ്ഠയും മറ്റും നടന്നിട്ടുള്ളത്.ഇടക്കാലത്ത് ഈ ധ്വജം ഒടിഞ്ഞുവീഴുകയും തുടർന്ന് പുതിയ ധ്വജപ്രതിഷ്ഠ നടത്തുകയുമുണ്ടായി.നെടുംകുന്നത്തമ്മയുടെ പ്രതിഷ്ഠയെപ്പറ്റി പല അഭിപ്രായങ്ങൾ പറഞ്ഞു കേൾക്കാറുണ്ട്.ഭദ്രകാളിയെന്നും ദുർഗ്ഗയെന്നും,ഇതുരണ്ടുമല്ല കണ്ണകിയാണെന്നും പഴമക്കാർ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നു.നെടുംകുന്നം കവലയിൽ ഹൗസിംഗ് സൊസൈറ്റിയോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് 'ഒറ്റമുലച്ചി' എന്ന നാടൻ പേരുള്ള ഒരു ദേവതയുടെ കാവുണ്ടായിരുന്നു എന്നൊരു കഥയുണ്ട്. ഈ ദേവത കണ്ണകി ആയിരുന്നത്രേ.ഈ കഥ ശരിയെങ്കിൽ നെടുംകുന്നത്തമ്മ കണ്ണകിയാണെന്ന് വ്യക്തം. സാക്ഷാൽ ഭദ്രകാളിയാണ് നെടുംകുന്നത്തമ്മയെന്ന് ഇപ്പോഴത്തെ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പുതുമനയിടം ശ്രീധരൻ നമ്പൂതിരി ഉറപ്പിച്ചു പറയുന്നു.കിരീടം,കോടീരം,ദംഷ്ട്രകൾ എന്നിവയും ദേവിയുടെ ജന്മനക്ഷത്രം പൂരം ആയതും ഇതിനുള്ള തെളിവുകളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എന്നാൽ ഏറെ കാലമായി ദുർഗ്ഗാപൂജകൾ നടത്തി വന്നിരുന്നതിനാൽ ഭഗവതി മാതൃഭാവത്തിലുള്ള ദുർഗ്ഗയായി ഇരുന്നുവെന്നുമാത്രം. ഭുവനേശ്വരിക്ക് കുരുതി,കളമെഴുത്തും പാട്ടും തുടങ്ങി ക്ഷേത്രത്തിൽ പ്രത്യേക അവസരങ്ങളിലായി ചെയ്തു വരുന്ന ക്രിയകളെല്ലാം ഭദ്രകാളിക്കുള്ളത് തന്നെയാണ്.ഭദ്രകാളിയുടെ പിതാവായ പരമേശ്വരൻ(അന്തിമഹാകാളൻ),യക്ഷി തുടങ്ങിയ കളങ്ങളാണ് ക്ഷേത്രത്തിൽ എഴുതി ആരാധിക്കാറുള്ളത്.ഇവയൊക്കെ പരിഗണിക്കുമ്പോൾ നെടുംകുന്നത്തമ്മ ഭദ്രകാളിയാണെന്നതിൽ തർക്കവുമില്ല. മീനപ്പൂരമാണ് അമ്മയുടെ പ്രധാന ഉത്സവം.തുടർന്ന് മേടപ്പൂരവും നടത്തുന്നു.കാവടിയാട്ടവും ഗരുഡൻവരവുമാണ് മേടപ്പൂരത്തിനുള്ളത്.മീനമാസത്തിലെ ഉത്സവം അവസാനിക്കുന്നതോടെ സംതൃപ്തയാകുന്ന ഭഗവതി പൂർണ്ണശക്തിയുള്ള ഭദ്രകാളീഭാവത്തിലാകുന്നുവെന്നും മേടപ്പൂരത്തിന് ഭക്തജനങ്ങൾ പ്രതീകാത്മകമായി കാവടിയാടി കലിതുള്ളിയുറഞ്ഞു ശാന്തരാകുന്നതിനൊപ്പം ദേവിയും ശാന്തയാകുന്നുവെന്നും ഒരു സങ്കല്പമുണ്ട്.ദൈനംദിന പൂജകൾക്കൊപ്പം മതപ്രഭാഷണങ്ങൾ,സത്സംഗങ്ങൾ,സപ്താഹം,നവരാത്രി ആഘോഷം,ശോഭായാത്ര തുടങ്ങി വിവിധ ആധ്യാത്മിക പ്രവർത്തനങ്ങളും ഇവിടെ നടന്നു വരുന്നു.